ഞാൻ കണ്ട മരക്കാർ
ഞാൻ കണ്ട മരക്കാർ..
മരക്കാർ എന്ന സിനിമയെ ട്രോളുന്നവരോട്..
മരക്കാർ ഒരു ചരിത്ര സിനിമയാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട് കുഞ്ഞാലിയുടെ വീര സാഹാസങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് നട്ട പാതിരാക്ക് തിയറ്ററിലേക്ക് ഒഴുകിയെത്തിയ നിങ്ങൾ തന്നെയല്ലേ യഥാർത്ഥ വിഡ്ഢികൾ..
താളവട്ടവും ചന്ദ്രലേഖയും, അഭിമന്യുവും, ചിത്രവും കിലുക്കവും കാലാ പാനിയും അദ്വൈതവും മിന്നാരവും തുടങ്ങി മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത മാന്ത്രികങ്ങൾ തീർത്ത മലയാളിയുടെ പ്രിയനും പ്രിയന്റെ ലാലിനും ലാലിന്റെ പ്രിയൻ ആന്റണിക്കും എവിടെയാണ് പിഴച്ചതെന്ന് അവർ തന്നെ ചിന്തിക്കട്ടെ.. ആമയും മുയലും ഗീതഞ്ജലിയും രാക്കിളിപ്പാട്ടും കൂടെ പ്രിയന്റെ ചിത്രങ്ങളാണെന്ന് ഓർത്തവർക്ക് അധികം നിരാശപ്പെടാതെ തള്ളി നീക്കാൻ കഴിഞ്ഞിട്ടുണ്ടാകും...
ശ്രീകുമാർ മേനോൻ എന്ന മികച്ച പരസ്യ സംവിധായകനിൽ നിന്നും മിറാക്കിൾ പ്രതീക്ഷിച്ചു ഒടിയനെ കാണാനെത്തിയ മലയാളിയെ വരവേറ്റത് ശ്രീകുമാർ മേനോൻ എന്ന പുതുമുഖ സംവിധായകന്റെ വീഴ്ചകൾ മാത്രമായിരുന്നു എന്നത് കണ്മുന്നിൽ കണ്ടത് മറക്കാൻ സമയമായിട്ടില്ല.. അപ്പോഴാണ് ലാലേട്ടൻ ഫാൻസ് എന്ന ഒരു പ്രത്യേക തരം വിഭാഗങ്ങൾക്ക് അടുത്ത അടി ഓർക്കാപ്പുറത്തു വീഴുന്നത്..
ബ്രഹ്മാണ്ഡ ചിത്രത്തിൽ തന്റെ മകനൊരു സ്ഥാനം ഉറപ്പിച്ചതല്ലേ എന്നൊരിക്കലും ലാലിനോടും പ്രിയനോടും ചോദിക്കാൻ ആവില്ല.. കാരണം ചിത്രത്തോട് നീതിയും കൂറും പൈസ വാങ്ങിയിട്ടുണ്ടെങ്കിൽ അതിനു നന്ദിയും കാണിച്ച ഒന്നോ രണ്ടോ തരങ്ങളിൽ ഒരാൾ താര പുത്രനായ പ്രണവ് തന്നെയാണ്..
നാവിക യുദ്ധതെ പറ്റി കേട്ട് കേൾവി പോലുമില്ലാതിരുന്ന മലയാളക്കരയിൽ സ്വന്തമായൊരു നാവിക സേനയുണ്ടാക്കി പറങ്കിപ്പടയെ വിറപ്പിച്ച മരക്കാർ കുടുംബത്തിലെ നാലാമൻ കുഞ്ഞാലിയെ പലപ്പോളും മനോരമ മംഗളം മാസികയിലെ നായകനാക്കിയതായി തോന്നിയവർ ചെറുപ്പത്തിൽ രണ്ടും വായിച്ചവരാവും.. അല്ലാത്തവരെ കുറ്റം പറയാനും കഴിയില്ല.. പഞ്ച് ഡയലോഗ് ഡെലിവറികൾ ഇല്ലാതെ, ഫാൻസ് അസോസിയേഷൻ നു ആരാധിക്കാൻ ഒരു ഇൻട്രോ ഇല്ലാതെ, ഹരം കൊള്ളിക്കുന്ന ഒരു സ്റ്റണ്ട് സീൻ ഇല്ലാതെ, ആഘോഷങ്ങൾ ഇല്ലാതെ ആരാവങ്ങളില്ലാതെ മരക്കാർ ഒരു സീനിൽ നിന്നും അടുത്ത സീനിലേക്ക് ഇഴഞ്ഞു നീങ്ങിയപ്പോൾ ദേഷ്യം തോന്നിയത് ആന്റണി പെരുമ്പാവൂരിന്റെ ആഞ്ഞു തള്ളലിൽ ആടിയുലഞ്ഞു വീണു പോയ തിയ്യറ്റർ ഉടമകളോടാണ്..
100 കോടി മുടക്കിയാൽ 105 കോടി ഞാൻ തിരിച്ചു ആഗ്രഹിക്കും എന്ന് ചിത്രത്തിന്റെ അദൃശ്യ നിർമതാവായ ലാലേട്ടൻ നമ്മളോട് വിളിച്ചു പറഞ്ഞത് നമ്മൾ എല്ലാവരും കേട്ടതാണ്. ബിസിനസ്സിൽ ലാഭം ആഗ്രഹിക്കുന്നത് തെറ്റല്ല, പക്ഷെ വ്യാജ പ്രചാരണങ്ങൾ കൊണ്ട് പണം സംബന്ധിക്കുന്നത് ഇന്ത്യൻ ഭരണഘടന നിയമം മൂലം തടഞ്ഞിട്ടുള്ളതാണ്..
ആകെ ആശ്വാസമായത് ഒരു വിഷയത്തിൽ മാത്രമാണ്.. വർഗീയത വിഷം തുപ്പി നിൽക്കുന്ന ഈ കെട്ട കാലത്തും, മുസ്ലിം നാമധാരികളായ മരക്കാർ കുടുംബത്തെയും, അതിൽ ചരിത്രം രചിച്ച നാലാമൻ കുഞ്ഞാലി മരക്കാറിനെയും വാനോളം പുകഴ്ത്തി പല യഥാർഥ്യങ്ങളും ലാലേട്ടനും ലാലേട്ടന്റെ പ്രിയനും സമൂഹത്തോട് വിളിച്ചു പറഞ്ഞു എന്നുള്ളതാണ്.. ആകെ ലഭിച്ച ആത്മ സംതൃപ്തി അതാണ്..
ട്വന്റി ട്വന്റി സിനിമയിൽ മലയാള സിനിമയിലെ താര നിരയെ അണി നിരത്തിയതോര്മിപ്പിക്കും വിധം തിരശീലയിൽ ഓർമ വീണ്ടെടുക്കാൻ സമയം നൽകാതെ മുഖങ്ങൾ മിന്നി മാഞ്ഞു പോയി.. പലപ്പോഴും സാഹസങ്ങളും അത്ഭുതങ്ങളും സർപ്രൈസുകളും പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകന്റെ മുന്നിലേക്ക് മ്യൂസിക്കൽ ആൽബവും സെന്റിമെന്റ്സും വെച്ച് നീട്ടിയ പ്രിയൻ മഞ്ജു വാര്യരെ കൊണ്ട് "കഞ്ഞി എടുക്കട്ടെ മാണിക്യ" എന്ന് ചോദിപ്പിച്ചില്ല എന്നെ ഉള്ളു.. സ്ക്രിപ്റ്റ് ഒരു പോരായ്മയായി അനുഭവപ്പെടാത്തവർ കല്ലെറിയട്ടെ എന്ന് കൂടെ പറയാതെ പോയാൽ അതും പൂർണമാകില്ല..
നായകൻ അമാനുഷികനാകണം എന്നല്ല ഇത്രയേറെ ഹൈപ്പ് നൽകി ഒരു ചിത്രം പുറത്തിറക്കുമ്പോൾ, രാജമൗലിയുടെയും രാംഗോപാൽ വർമ്മയുടെയും ഒക്കെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് ബാഹുബലി നൽകാം, കരീബിയൻ വിരുന്നൊരുക്കാം എന്നെല്ലാം പറഞ്ഞു ആളുകളെ വിരുന്നിനു ക്ഷണിക്കുന്നതിനു മുൻപ് നാൽപ്പതും അൻപതും കൊല്ലം പഴക്കവും തഴക്കവും ഉള്ളവർ ഒന്നുകൂടെ ചിന്തിച്ചിരുന്നെങ്കിൽ...
മാർക്കറ്റ്റിംഗ് പൃഥ്വിരാജിൽ നിന്നും പഠിക്കണം ആന്റണി ചേട്ടാ... ലൂസിഫർ ഒരു കൊച്ചു സിനിമയാണ്, ഒന്നും പ്രതീക്ഷിച്ചു ആരും വരരുത് എന്ന് ചിത്രം റിലീവിന്റെ തലേന്ന് ഒരു മാധ്യമത്തിന് മുന്നിൽ വന്നു നിന്നു പറയാനുള്ള സംവിധായകന്റെ മാർക്കെറ്റിംഗ് സ്ട്രറ്റെജി മലയാള സിനിമ നിർമാതാക്കൾ പഠന വിദേയമാക്കേണ്ട ഒന്ന് തന്നെയാണ്..
എന്തായാലും റിലീസിന് മുൻപ് 100 കോടി ബുക്കിങ് വന്നു എന്ന് അറിഞ്ഞതിലും, നിർമാതാവിന് ഒരു നഷ്ടവും സംഭവിച്ചില്ല എന്നറിഞ്ഞതിലും സന്തോഷം..
മരക്കാർ ഒരു പരീക്ഷണ സിനിമയാണ്... ഒരു പാഠമാണ്.. എനിക്കും നിങ്ങൾക്കും ഉൾപ്പെടെ
Comments
Post a Comment